2012, മാർച്ച് 2, വെള്ളിയാഴ്‌ച

അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ രവീന്ദ്രന്‍ മാഷിനു ശ്രദ്ധാഞ്ജലി..!!!





അങ്ങിനെ മലയാളത്തിന്റെ ദേവസംഗീതം അല്ലാ രവീന്ദ്ര സംഗീതം  പൊലിഞ്ഞിട്ടു ഇന്നേക്ക് ഏഴു വര്‍ഷം..പിന്നിട്ടു..തികച്ചും മലയാളസിനിമക്കും, നമ്മളില്‍ ഓരോരുത്തര്‍ക്കും    ആ നഷ്ടം ..തീരാ നഷ്ടമായി തന്നെ എന്നെന്നും നിലനില്‍ക്കും ഒപ്പം നമ്മുടെ ശ്രവണ ഇന്ദ്രിയങ്ങളില്‍  എന്നും പുതുമയുടെ തകിലടി താളം എത്തിച്ച ...ആ മഹത് വ്യക്തിയെ കുറിച്ച് ഒരു നോട്ട് എഴുതാന്‍ എന്നെ പ്രേരിപ്പിച്ച പ്രിയ കൂട്ടുകാരിക്ക് നന്ദി  പറഞ്ഞുകൊണ്ട് ആ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കട്ടെ  ഈ പാവം പ്രവാസി ...സര്‍വശ്രീ ദേവരാജനും, ബാബുരാജും തിളങ്ങി നില്‍ക്കുമ്പോള്‍ കടന്ന് വന്ന് തന്റെ സാമ്രാജ്യത്തിന് അടിത്തറയിട്ട രവീന്ദ്രന്‍ മാഷ്, പിന്നീട് ഡപ്പാംകുത്ത് ബഹളങ്ങള്‍ക്കിടയിലും ഒലിച്ച് പോകാതെ പിടിച്ച് നിന്ന് തന്റെ സ്വരം വേറിട്ട് കേള്‍പിച്ച പ്രതിഭ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ മാധവൻ - ലക്ഷ്മി ദമ്പതികളുടെ ഏഴാമത്തെ മകനായി 1943 നവംബർ ഒൻപതിനാണു രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. പിൽക്കാലത്ത് തനിക്കുവേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ പാടിയ ഗായകൻ യേശുദാസ് ഇവിടെ സമകാലികനായിരുന്നു .

സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണിഗായകനാകാൻ അവസരം തേടി മദ്രാസി(ചെന്നൈ)ലെത്തി. അക്കാ‍ലത്ത് കുളത്തൂപ്പുഴ രവി എന്നായിരുന്നു സിനിമാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. ചെന്നൈയിലെ ആദ്യകാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് രവീന്ദ്രൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചയോളം പൈപ്പുവെള്ളം മാത്രം കുടിച്ച് കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്. “വെള്ളിയാഴ്ച” എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി പിന്നണിഗായകനായി.പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. അവയിൽ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970കളിൽ പ്രശസ്തനായിരുന്ന രവികുമാറിനുവേണ്ടി മിക്കചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു.ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴിതിരിച്ചുവിട്ടത് യേശുദാസാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ ഐ.വി. ശശിക്കു പരിചയപ്പെടുത്തുകയായിരുന്നു . അങ്ങനെ 1979-ൽ ശശിയുടെ “ചൂള” എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീത സംവിധായകനായി. സത്യൻ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി..” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം.മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്ക്കാരം നേടി. ആ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും നേടി. 2002-ൽ നന്ദനതിലെ ഗാനങൾക്ക് വീണ്ടും സംസ്ഥാന പുരസ്ക്കാരം.യേശുദാസുമായുള്ള സഹോദരതുല്യമായ ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ്‌ ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്. യേശുദാസിനു ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ഭരതത്തിലെ രാമകഥ ഗാനലയം.... എന്ന ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രനാണു്. എം.ജി.ശ്രീകുമാറിന്‌ ആദ്യതെ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം... (ഹിസ് ഹൈനെസ് അബ്ദുള്ള) എന്ന ഗാനമാണ്‌. ഗായികമാരിൽ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങൾ കൂടുതൽ ആലപിച്ചത്.കാലചക്രത്തിന്റെ നിലയ്ക്കാത്ത പ്രവാഹം നമുക്ക് പ്രിയപ്പെട്ട പലതിനെയും നമ്മില്‍ നിന്നകറ്റും അങ്ങിനെ  രണ്ടായിരത്തി അഞ്ച്  മാര്‍ച്ച്‌  മൂന്നിന് ....ആ മാന്ത്രികത നിലച്ചുവെങ്കിലും ഈണമേകിയ മന്ത്രണങ്ങള്‍ നമുക്കായി ബാക്കി നില്പുണ്ട്....ആ പ്രിയ ഗാനങ്ങളിലൂടെ ആ വലിയ മനുഷ്യന്‍ എന്നും ഈ പാവം പ്രവാസിയടക്കമുള്ള നമ്മുടെ എല്ലാവരുടെ മനസ്സുകളിലും ജീവിക്കും ..ഉറപ്പ് ...പ്രിയപ്പെട്ട രവീന്ദ്രന്‍ മാഷിനു നമുക്ക് ശ്രദ്ധാഞ്ജലി നേരാം..!!!